08:41pm 09 September 2026
NEWS
ഓപ്പറേഷന്‍ സൈഹണ്ട് 25 പേര്‍ അറസ്റ്റില്‍. 329 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
09/09/2026  08:07 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഓപ്പറേഷന്‍ സൈഹണ്ട് 25 പേര്‍ അറസ്റ്റില്‍. 329 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിന്‍റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 25 പേരെ അറസ്റ് ചെയ്യുകയും 329  കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 

ഓപ്പറേഷന്‍ സൈഹണ്ട് 4.0 എന്ന പേരില്‍ നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 919 റെയ്ഡുകള്‍ നടത്തുകയും 265 പേര്‍ക്ക് നോട്ടീസ് നല്‍കുകയും 165 ഓളം ഉപകരണങ്ങള്‍ പിടിച്ചെടുത്തു.
 
ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും ബാങ്കിംഗ് സംവിധാനങ്ങളും ദുരുപയോഗം ചെയ്ത് രാജ്യത്തുടനീളം നടക്കുന്ന സൈബര്‍ തട്ടിപ്പുകള്‍ക്ക് പിന്തുണ നല്‍കുന്ന ശൃംഖലകളെ കണ്ടെത്തുകയും തടയുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സ്പെഷ്യല്‍ ഡ്രൈവ് നടത്തിയത്. 

സൈബര്‍ ഓപ്പറേഷന്‍സ് വിംഗിന്‍റെ കേന്ദ്രീകൃത മേല്‍നോട്ടത്തിലാണ് 2026 സെപ്റ്റംബര്‍ ഏഴിന് സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷന്‍ പരിധികളിലും ഒരേസമയം പരിശോധനകളും റെയ്ഡുകളും തുടര്‍നടപടികളും നടപ്പിലാക്കിയത്.ഒറ്റപ്പെട്ട കേസുകള്‍  അന്വേഷിക്കുന്നതിലുപരി, കുറ്റകൃത്യങ്ങളുടെ ശ്യംഖലകള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ എന്‍ഫോഴ്സ്മെന്‍റ് നടപടിക്രമം. 

പരമ്പരാഗത അന്വേഷണ രീതികള്‍ക്കപ്പുറം സൈബര്‍കുറ്റകൃത്യങ്ങളെ സഹായിക്കുന്ന, തട്ടിപ്പ് പണം വെളുപ്പിക്കാന്‍ സഹായിക്കുന്ന, തട്ടിപ്പിന് സാങ്കേതിക സഹായം നല്‍കുന്ന, തട്ടിപ്പ് പണം മാറ്റിയെടുക്കുന്നതിന് ബാങ്ക് അക്കൗണ്ടുകള്‍ നല്‍കുന്നവര്‍ തുടങ്ങിയവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നു. 

കൂടാതെ അന്തര്‍സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന തട്ടിപ്പു സംഘങ്ങളെ കണ്ടെത്തുകയും അവരുടെ പ്രവര്‍ത്തനം തടയുക, മ്യൂള്‍ ബാങ്ക് അക്കൗണ്ടുകള്‍, തേര്‍ഡ് പാര്‍ട്ടി പേയ്മെന്‍റ് സംവിധാനങ്ങള്‍, ഹവാല ബന്ധമുള്ള പണമിടപാടുകള്‍ എന്നിവയ്ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുക, തട്ടിപ്പിലൂടെ ലഭിക്കുന്ന പണം എ.ടി.എം/ചെക്ക് മുതലായ മാര്‍ഗ്ഗങ്ങളിലുടെ പിന്‍വലിക്കുന്നവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുക, ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ (NCRP)  വഴി ലഭ്യമായ വിവരങ്ങള്‍ ഉപയോഗിച്ച് പുതിയ തട്ടിപ്പ് രീതികള്‍  വിശകലനം ചെയ്യുകയും അതിനെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുക. 

സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി പൊതുജനങ്ങള്‍ ചില പ്രധാന ജാഗ്രതകള്‍ പാലിക്കണം. OTP, PIN, CVV,  പാസ്വേഡ് തുടങ്ങിയ ബാങ്ക് വിവരങ്ങള്‍ ഒരിക്കലും മറ്റാരുമായും പങ്കുവെക്കരുത്.  ഓരോ അക്കൗണ്ടിനും വ്യത്യസ്തവും ശക്തവുമായ പാസ്വേഡുകള്‍ ഉപയോഗിക്കുകയും Two Factor Authentication (2FA) പോലുള്ള സുരക്ഷാ സംവിധാനം സജീവമാക്കുകയും ചെയ്യുന്നത് കൂടുതല്‍ സുരക്ഷ ഉറപ്പാക്കും.
 
സംശയകരമായ വസ്തുത ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ 1930 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടുകയോhttps://cybercrime.gov.in` എന്ന വെബ്സൈറ്റ് വഴിയോ പരാതി നല്‍കാവുന്നതാണ്. മാത്രമല്ല നിങ്ങള്‍ക്ക് അടുത്തുള്ള പോലീസ് സ്റ്റേഷനേയോ സൈബര്‍ പോലീസ് സ്റ്റേഷനേയോ ബന്ധപ്പെടാവുന്നതാണ്. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img